Sunday, February 19, 2012

നഷ്ടപെട്ട ഓര്‍മ്മകള്‍...

കുറച്ചു ദിവസമായി  എന്തെഴുതണം എന്ന് ചിന്തിച്ചിരിക്കാന്‍ തുടങ്ങിയിട്ട്. ഒന്നും കിട്ടാതെ വന്നപ്പോള്‍ പോയി ഒരു 'BUDWIZER' വാങ്ങി അതും മോന്തികൊണ്ട് ചിന്തകളില്‍ മുഴങ്ങി. അപ്പോള്‍ എഴുതുന്നതിനു പകരം ഒരു യാത്ര പോകാന്‍ ആണ്‌ തോന്നിയത്. അതെ ഞാന്‍ ഒരു യാത്ര പോവുകയാണ്. ജീവിതത്തിലും കാലത്തിലും പിറകിലോട്ട്, ചരിത്രത്തിലേക്ക് ഒരു യാത്ര. അന്നെനിക്കു ആറു വയസ്സ്. (ആറു വയസ്സുകാരന്‍റെ കുഞ്ഞു മനസ്സില്‍ നിന്നും വരുന്നത് കൊണ്ട് ഒരുപാടു തെറ്റുകള്‍ ഉണ്ടാകും. അതിനു മുന്‍കൂര്‍ ജാമ്യം.) കണ്ണൂര്‍ ടൌണിന്റെ തിരക്കില്‍നിന്നും നമ്മള്‍ നാട്ടിലേക്ക് മാറിതാമസിക്കുകയായിരുന്നു. 
ഒരു പ്രഭാതത്തില്‍  വീടിന്റെ മുറ്റത്തിറങ്ങിയപ്പോള്‍ പ്രകൃതി എന്തൊക്കെയോ വിളിച്ചു പറയുന്നത് പോലെ തോന്നി. മുന്നില്‍ വശ്യമനോഹരമായ പച്ചപ്പ്‌ പരത്തി നില്‍കുന്ന ഞാറുകള്‍. അതില്‍ താളത്തില്‍ പണിയെടുക്കുന്ന കൃഷിക്കാര്‍. അതിനും അപ്പുറം പ്രകൃതിയോടിണങ്ങി ചെമ്മണ്‍ പാത. ഘനഘോരമായ ശബ്ദം പുറപ്പിടിവിച്ചു കൊണ്ട് കുത്തിയൊലിക്കുന്ന തോട്. പിന്നെ വൃക്ഷങ്ങളുടെ രാജാവായ അരയാല്‍. അതിനു കീഴെ മരതകംപോലെ വെട്ടിത്തിളങ്ങുന്ന അമ്പലകുളം. അതിനു വലതു വശത്തായി വയസ്സന്‍ പുളിമരം. ആ മരച്ചുവട്ടില്‍ ഒരുപാട് ചരിത്രങ്ങള്‍പേറി, എന്തൊക്കെയോ മനസ്സില്‍വെച്ച് കോട്ടയം തമ്പുരാന്‍റെ കൊട്ടാരം. കുളത്തിനു മീതെ നാലമ്പലവും ചുറ്റമ്പലവും ഒക്കെയായി പ്രൌഡിയോടെ തലയുയര്‍ത്തി നില്‍കുന്ന കുഴുമ്പില്‍ ഭഗവതി ക്ഷേത്രം. ഇന്ന് ഉത്സവമാണ്. അതിന്റെ തിക്കുംതിരക്കും അവിടെ കാണാം. മുത്തശ്ശി പറയുന്നത് കേട്ടു ഇന്ന് കംസവധം കഥകളിയാണെന്ന്. അമ്പലത്തിന്‍റെ മുന്നില്‍ പൂവുകള്‍ ഇറുത്തുകൊണ്ട് ഒരു വാര്യര്‍. അതെന്റെ പൂര്‍വികര്‍ ആരെങ്കിലും ആണോ അതോ ഞാന്‍ തന്നെയാണോ. അടുത്ത് പോയി നോക്കാം.

ഹരി!!! അകത്തുനിന്നും അമ്മയുടെ വിളികേട്ടപ്പോഴാണ് ഞാന്‍ ചിന്തകളില്‍നിന്നും ഉണര്‍ന്നത്. ഒന്നുകൂടി നോക്കിയപ്പോള്‍ മുന്നത്തെ കാഴ്ച ആയിരുന്നില്ല കണ്ടത്. വയലില്‍ കൃഷി ഇറക്കിയിരുന്നില്ല. ചുവന്ന പാത ടാര്‍ ചെയ്തിരുന്നു. തോടിനു പഴയ ഗര്‍ജ്ജനമില്ല, അത് വറ്റിവരണ്ടിരുന്നു. തല്തോല ബസാറില്‍ മീന്‍വിറ്റ് ജീവിക്കുന്ന മുഗള്‍ ചക്രവര്‍ത്തി മുസ്തഫര്‍ കമാലിനെ പോലെ ആ അരയാലിനും പ്രതാപം നശിച്ചിരുന്നു. കുളം കലങ്ങിമറഞ്ഞിരുന്നു. വയസ്സന്‍ പുളിയുടെ പല്ലുകള്‍ കൊഴിഞ്ഞിരിന്നു. കോട്ടയം തമ്പുരാന്റെ കൊട്ടാരം ഇടിഞ്ഞുപൊളിഞ്ഞു, വിറകുപുരയെക്കാള്‍ കഷ്ടമായിരുന്നു. തകര്‍ന്നുവീണ ചുറ്റമ്പലവും, നഷ്ട്ടപ്രതാപത്തെയും ഓര്‍ത്തു കുഴുമ്പില്‍ ഭഗവതി ക്ഷേത്രം നെടുവീര്‍പ്പിട്ടു. അന്ന് എല്ലാ ശുദ്ധിയോടും കൂടി കുലതോഴില്‍ ചെയ്തിരുന്ന ആ വാര്യര്‍ അതൊക്കെ വെടിഞ്ഞു മാംസഭുക്കായിരുന്നു. കാലം ഓടുമ്പോള്‍ നടുവേ ഓടുക അല്ലെ. പക്ഷെ ആ പരക്കംപാച്ചിലിനിടയില്‍ മനസമാധാനം നഷ്ടപെട്ടിരുന്നു. ഒരു നിമിഷം ഞാന്‍ ചിന്തിച്ചുപോയി "ഒരിക്കലും വളരരുതായിരുന്നു"...


2 comments:

  1. ഓര്‍ക്കാന്‍ ഇഷ്ടമുള്ള ഓര്‍മ്മകള്‍..!, നല്ല അവതരണം..
    നമ്മുടെ കുഴുംബിലില്‍ പോയി വന്ന പോലെ ഉണ്ടായിരുന്നു.
    നമ്മുടെ നാടിന്‍റെ സൌന്ദര്യം ഇപ്പോളും ഒരാളുവ് വരെ ഒക്കെ ബാക്കി ഉണ്ട് ട്ടോ..
    പിന്നെ ഉത്സവോക്കെ ഗംഭീരാക്കി നടത്താവുന്നതെ ഉള്ളൂ..

    ReplyDelete
    Replies
    1. അമ്പലവും ഉത്സവങ്ങളും ഇനിയും നടത്താം പക്ഷെ അന്നത്തെ ആ വാര്യര്‍ക്ക് ഒരു തിരിച്ചുവരവ് പറ്റുമോ എന്നറിയില്ല....

      Delete

Put in your thoughts here!!!