Wednesday, May 23, 2012

നാടകമേ ഉലകം ....

1997 മാര്‍ച്ച്‌... SDA ഇംഗ്ലീഷ് സ്കൂള്‍
ഞാന്‍  മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സ്കൂളിലെ വാര്‍ഷികത്തിന്‌ ഒരു നാടകം അവതരിപ്പിക്കാന്‍ മോറല്‍ സയന്‍സ് ടീച്ചര്‍ നമ്മളോട് ആവിശ്യപെട്ടു
നാടകം:- ഇയ്യോബിന്റെ പരീക്ഷണം...
നായകന്‍ ഇയ്യോബ്‌:- എന്നത്തെയുംപോലെ ലിനോ.
എന്റെ വേഷം:- ദൈവം
എന്ത് കണ്ടിട്ടാണ് ടീച്ചര്‍ എന്നെ ദൈവമായി തിരഞ്ഞെടുത്തത് എന്ന് എനിക്കറിയില്ല. ഒരു പക്ഷെ മൂന്നാംക്ലാസ്സുകാരനില്‍ ഒരു സാത്താനെ ടീച്ചര്‍ കണ്ടിടുണ്ടാകില്ല.
നാടകം നമ്മള്‍ തകര്‍ത്തു റിഹെര്സല്‍ ചെയ്തു. അങ്ങനെ വാര്‍ഷികം വന്നെത്തി. വളരെ ആത്മവിശ്വാസത്തോടുകൂടി ഞാന്‍ മയ്ക്കപ്പ്‌ റൂമില്‍ എത്തി. അപ്പോള്‍ എല്ലാവര്‍ക്കും ഒരു സംശയം. ദൈവത്തിനു എന്ത് വേഷം നല്‍കും. പാന്റ്സും ഷര്‍ട്ടും തൊട്ടു ജുബ്ബ വരെ പരിഗണിച്ചു, പക്ഷെ ഒന്നും സ്വീകാര്യമായില്ല.ഒടുവില്‍ ടീച്ചര്‍ ഒരു തിരുമാനം എടുത്തു. ദൈവം അശരീരി ആകട്ടെ എന്ന്. അങ്ങനെ എന്റെ അരങ്ങേറ്റം തന്നെ ശബ്ദത്തില്‍ മാത്രമായി ഒതുങ്ങി. നാടക സമയത്ത് എന്നെ പിറകിലെ തിരശീലയ്ക്കു പിന്നില്‍ നിറുത്തി. അപ്പോള്‍ അടുത്ത പ്രശ്നം. എനിക്ക് സ്റ്റേജ് കാണാന്‍ കഴിയുമായിരുന്നില്ല.  ടീച്ചര്‍ പറയമ്പോള്‍ തുടങ്ങാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ടീച്ചര്‍ തുടങ്ങിക്കോളാന്‍ പറഞ്ഞു.
ഇയ്യോബിനെ കണ്ടു മടങ്ങി വരുന്ന സാത്താനോടു ദൈവം സംസാരിക്കുന്നതാണു ആദ്യ രംഗം. ഞാന്‍ വിളിച്ചു പറഞ്ഞു "നീ എവിടെ പോയി വരികയാണ്?". മറുപടിയായി കൂട്ടച്ചിരിയും കൂവലും കേട്ടപ്പോഴാണ് സംഗതി പിടികിട്ടിയത്. കര്‍ട്ടന്‍ അതുവരെ ഉയര്‍ത്തിയിരുന്നില്ല. പോരെ പൂരം. ഒടുവില്‍ കര്‍ട്ടനില്‍ ഓട്ടയുണ്ടാക്കി അത് വഴി സ്റ്റേജ് നോക്കി നാടകം അവതരിപിച്ചു.

2003 മാര്‍ച്ച്‌  SSVP മട്ടന്നൂര്‍
നാടകം:- റോബിന്‍ഹുഡ്.
രംഗം:- അറസ്റ്റിലായ റാബിന്‍ഹുഡ്ഡിനെ പാറാവുകാരനെ ബോധംകെടുത്തി രക്ഷിച്ചുകൊണ്ടുപോകുന്നു.
നായകന്‍ റോബിന്‍ഹുഡ്:-  എന്നത്തെയും പോലെ സുനന്ദ്‌.
എന്റെ  വേഷം:- തല്ലുകൊണ്ട് ബോധംപോകുന്ന പാവം പാറാവുകാരന്‍.
നാടകദിവസം nccയുടെ യുനിഫോര്‍ം ധരിച്ച് ഗമണ്ടന്‍ തോക്കുമായി ഞാന്‍ സ്റ്റേജില്‍ ഉലാത്തുവാന്‍ തുടങ്ങി. റാബിന്‍ഹുഡ്ഡിന്റെ സുഹൃത്തായി അഭിനയിച്ച പ്രണോയ് വന്നു എന്റെ തലയ്ക്കടിച്ചു ബോധംകെടുത്തി. അവര്‍ എന്നെ എടുത്തപ്പോള്‍ ഇക്കിളിതോന്നി ഞാന്‍ കുടുകുടെ ചിരിച്ചു. ബോധംകെട്ടു കിടക്കുന്ന പാറാവുകാരന്‍ ചിരിക്കുന്നത് കണ്ടു കാണികളും കൂട്ടചിരിയും കൂവലും തുടങ്ങി.
എന്താ പറയുക, അഭിനയിച്ച രണ്ടു നാടകങ്ങളിലും കൂവല്‍ സമ്പാദിച്ച എന്നിലേ അഭിനേതാവ് അതോടെ ചരമമടഞ്ഞു. ജീവിതമാകുന്ന നാടകത്തില്‍ അഭിനയിക്കാന്‍ അഭിനയം അറിയണമെന്നില്ലലോ. നാടകമേ ഉലകം...

4 comments:

Put in your thoughts here!!!